കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയത്തടുക്കയിലാണ് സംഭവം. പമ്പ് ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതികൾ എന്ന് സംശയിക്കുന്നവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കാസർഗോഡ് ദേശീയപാതയോരത്തെ അണങ്കൂരിലുള്ള ബാർ ഹോട്ടലിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം നടന്നിരുന്നു. ഈ മാസം ഏഴിനായിരുന്നു സംഭവം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. ആക്രമം നടത്തിയ കാസർഗോഡ് ബെദിര സ്വദേശിയായ മുനീർ എന്ന മുന്നയെ പോലീസ് സാഹസികമായി പിടികൂടിയിരുന്നു.
ബാർ അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രതിയെ പിടികൂടാനായി സ്‌ഥലത്ത് എത്തിയ ടൗൺ എസ്‌ഐ വിഷ്‌ണു പ്രസാദ്, ഫ്ളയിങ് സ്‌ക്വാഡിലെ സിവിൽ പോലീസ് ഓഫിസർമാരായ കെ ബാബുരാജ്, കെ സജിത്ത്, ഡ്രൈവർ സനീഷ് എന്നിവർക്ക് നേരെയാണ് ആക്രമണം നടത്തിയത്. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ വൈപ്പർ ഊരി പ്രതി പോലീസ് ഉദ്യോഗസ്‌ഥർ നേരെ വീശുകയായിരുന്നു. പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുന്ന എന്ന് പോലീസ് പറഞ്ഞു.
Most Read: 21ആം തീയതി മുതൽ ക്‌ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം






































