തിരുവനന്തപുരം: സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ബോംബേറിന് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും സുരേന്ദ്രന് പറഞ്ഞു.
”കണ്ണൂരില്‍ വിവാഹാഘോഷ യാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല ചെയ്ത സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദ്ദാഹരണമാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവം ലോകത്ത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നില്‍. പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകള്‍ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞു,”- സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂര്‍ തോട്ടടയില്‍ ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു വിവാഹ സംഘത്തിന് നേരെ ബോംബേറുണ്ടായത്. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുംവഴി ഒരു സംഘം ജിഷ്ണുവിനും സംഘത്തിനും നേരെ ബോംബ് എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
സമീപ പ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി വിവാഹ വീട്ടില്‍ തർക്കം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
Most Read: ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന് ക്രൂവിന് എയർ ഇന്ത്യയുടെ നിർദ്ദേശം








































