മസ്കറ്റ്: തിങ്കളാഴ്‌ച പുലര്‍ച്ചെ മസ്‍കറ്റ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ കനത്ത മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു പ്രവാസി മരിച്ചു. വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളിൽ അകപ്പെട്ട രണ്ട് പേരിലൊരാളാണ് പിന്നീട് മരിച്ചത്.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കും ശ്വാസതടസം അനുഭവപ്പെടുകയും ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മരണപ്പെടുകയും ആയിരുന്നുവെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. മരണപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തെക്കൻ ഗുബ്ര പ്രദേശത്ത് മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു വിദേശി ഉള്‍പ്പെടെ മൂന്നുപേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഇവരും വാഹനത്തിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. മൂവരുടെയും ആരോഗ്യ നില തൃപ്‌തികരമാണെന്നും റോയൽ ഒമാൻ പോലീസ് ട്വീറ്റ് ചെയ്‌തു.
Read Also: ‘ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ’; എസ് സോമനാഥ്








































