ചെന്നൈ: തമിഴ്‌നാട് തഞ്ചാവൂരിലെ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി സഗയ മേരിയെ ജയിലിന് പുറത്ത് സ്വീകരിച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംഎൽഎ ഇനിഗോ ഇരുദയരാജ്. ട്രിച്ചി സെൻട്രൽ ജയിലിന് പുറത്ത് ഷാൾ അണിയിച്ചാണ് എംഎൽഎ പ്രതിയെ സ്വീകരിച്ചത്.
ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ സഗയ മേരിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ചിത്രങ്ങൾ എംഎൽഎ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഗയ മേരി ത്യാഗം ചെയ്‌തുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
“പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സ്വയം സമർപ്പിച്ച വ്യക്‌തിയാണ് 62കാരിയായ, ‘പ്യുഅർ ഹാർട്ട് ഹൈസ്‌കൂൾ’ ഹോസ്‌റ്റൽ കെയർടേക്കർ സഗയ മേരി. തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി മൈക്കിൾപട്ടിയിൽ നടന്ന അപ്രതീക്ഷിത സംഭവത്തെ തുടർന്ന് അവരെ അറസ്‌റ്റ് ചെയ്‌തു. കേസ് നേരിടാനുള്ള നിശ്‌ചയദാർഢ്യവും സത്യസന്ധതയും ഉണ്ടെന്ന് കണ്ടാണ് കോടതി അവരെ വിട്ടയച്ചതെന്ന് അറിയുന്നു. ഞാൻ ട്രിച്ചി വനിതാ സെൻട്രൽ ജയിലിൽ നേരിട്ടെത്തി അവരെ സ്വീകരിച്ചു. നീതി വിജയിക്കും. മതസൗഹാർദ്ദത്തിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും,”- എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
മരിച്ച വിദ്യാർഥിനിയുടെ 44 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം രാഷ്‌ട്രീയമായി ചർച്ചയായത്. തന്നെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയെന്നും അതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടുവെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു.
ജനുവരി 9നാണ് തമിഴ്‌നാട് തഞ്ചാവൂരിലെ 12ആം ക്‌ളാസുകാരി കീടനാശിനി കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ജനുവരി 19ന് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടു. ഹോസ്‌റ്റലിലെ മുറികൾ വൃത്തിയാക്കിക്കുകയും മറ്റ് ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്‌തിരുന്നതായി പെൺകുട്ടി പറഞ്ഞിരുന്നു. ക്രിസ്‌തു മതം സ്വീകരിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. ജനുവരി 31ന് തമിഴ്‌നാട് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് കേസ് സിബിഐക്ക് കൈമാറി.
Most Read: വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല








































