കോഴിക്കോട്: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയ ‘എച്ച്ആർഡിഎസ്’ എന്ന എൻജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിനാണ് സ്‌ഥാപനവുമായി ബന്ധമെന്ന ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്.
സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയാണ് സ്‌ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫിസ് ഉൽഘാടനം ചെയ്‌തതെന്നും ലോഗോ പ്രകാശനം ചെയ്‌തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറയുന്നു.
“എസ്എഫ്ഐയുടെ ഒരു മുൻ നേതാവാണ് സ്വപ്‌നക്ക് ജോലി ശരിയാക്കി നൽകിയത്. സിപിഎമ്മിന്റെ ഉന്നതനായ നേതാവാണ് ഇപ്പോൾ ഇദ്ദേഹം. ബിജെപിക്ക് സ്‌ഥാപനവുമായി ബന്ധമില്ല,”- ബിജെപി അധ്യക്ഷൻ വിശദീകരിക്കുന്നു. ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്‌ണകുമാർ ചെയർമാനായ എൻജിഒയാണ് എച്ച്ആർഡിഎസ്. ബിജെപി ബന്ധമുള്ള സംഘടനയിൽ സ്വപ്‌നക്ക് നിയമനം നൽകിയത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്‌ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായി ചുമതലയേറ്റത്. തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് സ്വപ്‌ന ജോലിയിൽ പ്രവേശിച്ചത്.
Most Read: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രസംഗമൽസരം; ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് സുനില്‍ പി ഇളയിടം