തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവുമായിരുന്നു.
ന്യൂമോണിയ ബാധിച്ചതോടെയാണ് സ്‌ഥിതി വഷളായത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ചികിൽസ. കഴിഞ്ഞ 35 വര്‍ഷമായി നിരവധി മൽസ്യത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. വിദേശകപ്പലുകള്‍ക്ക് തീരക്കടലില്‍ മൽസ്യബന്ധനത്തിന് അനുമതി നല്‍കിയതിന് എതിരെയുള്ള പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായി.
ആദിവാസി സമരമുള്‍പ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം വേളി സ്വദേശിയാണ്. മൽസ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യന്ന അലകള്‍ മാസികയുടെ എഡിറ്ററായിരുന്നു. ഭാര്യ മാഗ്ളിൻ, മകള്‍ ഡോണ.
Read also: ശുചിത്വ വാരാചരണം; എസ് വൈ എസിന്റെ ‘റീ സ്റ്റോര്‍ മലപ്പുറം’ പദ്ധതി സമാപിച്ചു







































