നീലേശ്വരം: ബലക്ഷയം കാരണം 2018 നവംബറിൽ നീലേശ്വരം നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി അവിടെയുണ്ടായിരുന്ന 22ഓളം വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. പിന്നാലെ യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ ഒരു കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. എന്നാൽ, അന്ന് പ്രഖ്യാപിച്ചിരുന്ന നീലേശ്വരം ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് പദ്ധതി മൂന്നരവർഷം ആകുമ്പോഴും നടപ്പാക്കാനായിട്ടില്ല.
നഗരകേന്ദ്രീകൃത വികസനമെന്ന് ആവർത്തിച്ചുപറയുന്ന പുതിയ നഗരസഭാ ഭരണസമിതി എന്നാൽ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കാൻ വേണ്ട ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന വിമർശനവും ശക്തമാണ്. ബസ് സ്റ്റാൻഡിന് വേണ്ടി ഇനിയും കാത്തിരിക്കണോയെന്ന് വ്യാപാരികളും നാട്ടുകാരും ആവർത്തിച്ച് ചോദിക്കുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടത്തിന്റെ രൂപരേഖക്ക് സംസ്ഥാന ടൗൺ പ്ളാനറുടെ അംഗീകാരം കിട്ടിയിരുന്നു. ഇനി സർക്കാരിന്റെ സാങ്കേതികാനുമതിയാണ് ലഭിക്കാനുള്ളത്. ഇത് വർഷങ്ങളായി നീണ്ടുപോവുകയാണ്. നഗരസഭയുടെ കാര്യക്ഷമമായ ഇടപെടലോ രാഷ്ട്രീയ സമ്മർദമോ ഇല്ലാത്തതാണ് ഇത്തരം സാങ്കേതിക നടപടികൾ വൈകാൻ കാരണമെന്ന വിമർശനമുണ്ട്.
സെന്റിൽ 36,500 ചതുരശ്രയടിയിലാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. മൂന്നുനിലകളോടുകൂടിയ കെട്ടിടസമുച്ചയത്തിന് ഓരോ വർഷം കഴിയുമ്പോഴും ചെലവ് കൂടിവരുന്ന സ്ഥിതിയാണ്.
Most Read: തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു









































