കൊഴിഞ്ഞാമ്പാറ: വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. പൊള്ളാച്ചി ആനമല വി കൃഷ്ണമൂർത്തിയെ (53) ആണ് ഇന്നലെ കോയമ്പത്തൂരിൽ പോലീസ് അറസ്റ്റ് ചെയ്തത്. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെൻമാറയിലുള്ള ഉണ്ണികൃഷ്ണൻ എന്നയാളെ വിളിച്ചുവരുത്തി വ്യാജസ്വർണം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തമിഴ്നാട്ടിലെ രണ്ടുപേർക്ക് നിധി കിട്ടിയിട്ടുണ്ടെന്നും അതിൽ 360 ഗ്രാം സ്വർണം 16 ലക്ഷം രൂപക്ക് നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 7 മാസം മുൻപ് തൃശൂർ സ്വദേശികളായ സുനിൽ, സഞ്ജീവൻ എന്നിവർ ഇതേ കേസിൽ അറസ്റ്റിലായിരുന്നു.
തമിഴ്നാട് ആനമല സേത്തുമട റോഡിൽ അബ്ബാസിനെയും കഴിഞ്ഞ 6ന് രാജ എന്ന കറുപ്പസ്വാമിയെയും(37) അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂർത്തിയെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇയാൾ തമിഴ്നാട്ടിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
Most Read: ഇൻകം ടാക്സിൽ ജോലി വാഗ്ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത







































