ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ജീവചരിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തിങ്കളാഴ്‌ച പ്രകാശനം ചെയ്യും. ‘ഉങ്കളിൽ ഒരുവൻ’ (നിങ്ങളിൽ ഒരുവൻ) എന്ന ആത്‌മകഥയുടെ ആദ്യ ഭാഗത്തിന്റെ പ്രകാശനമാണ് നടക്കുക.
രാഹുലിനെ കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള തുടങ്ങിയ ബിജെപി ഇതര പാർട്ടികളുടെ നേതാക്കൾ ചെന്നൈയിൽ നടക്കുന്ന പുസ്‌തക പ്രകാശനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്‌തക പ്രകാശനം എന്നതിലുപരി പ്രതിപക്ഷത്തിന്റെ ഒത്തുചേരൽ കൂടിയാകും ഈ ചടങ്ങ്. പ്രതേകിച്ച് ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും നീക്കം നടത്തുന്ന സാഹചര്യത്തിൽ.
കൂടാതെ 2020ലെ ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഭിന്നതയുണ്ടായ കോൺഗ്രസ്-ആർജെഡി പാർട്ടികളുടെ നേതാക്കളായ രാഹുലും തേജസ്വി യാദവും ആദ്യമായി ഒരു വേദി പങ്കിടുമെന്ന പ്രത്യേകതയും ഈ ചടങ്ങിന് ഉണ്ട്.
1976 വരെയുള്ള സ്‌റ്റാലിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങൾ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർഥിയായിരിക്കെ രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സിഎൻ അണ്ണാദുരൈ, പിതാവ് കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെക്കുറിച്ചും പുസ്‌തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
രാഷ്‌ട്രീയത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും ആദ്യപാഠങ്ങൾ താൻ ഇവരിലൂടെ പഠിച്ചതെങ്ങനെയെന്നും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നീണ്ട സമരങ്ങൾക്കൊടുവിൽ ഡിഎംകെയുടെ വളർച്ചയെക്കുറിച്ചും അദ്ദേഹം പുസ്‌തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.
Most Read: 5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം







































