വയനാട്: വന്യജീവി ആക്രമണത്തിന് ഇരകളായവർക്കുള്ള നഷ്‌ടപരിഹാര കുടിശിക മാർച്ച് മുതൽ നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കുപ്പാടിയിൽ തുടങ്ങിയ സംസ്‌ഥാനത്തെ ആദ്യ വന്യമൃഗ സംരക്ഷണ പരിചരണകേന്ദ്രം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർ, പരിക്ക് പറ്റിയവർ, കൃഷിനാശം സംഭവിച്ചവർ എന്നിവർക്കാണ് നഷ്‌ടപരിഹാരം കൊടുക്കുന്നത്. ജില്ലയിലെ വിവിധ ഡിവിഷനുകൾക്ക് കീഴിലായി 2018 മുതലുള്ള കുടിശിക തുകയായ ഒന്നരക്കോടിരൂപ അടുത്തമാസം മുതൽ ഘട്ടംഘട്ടമായി വിതരണം ചെയ്യും എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
നിലവിൽ നഷ്‌ടപരിഹാരത്തുക അപര്യാപ്‌തമാണെന്ന പരാതിയുണ്ട്. എന്നാൽ, തുക നിർണയിക്കുന്നത് വനംകുപ്പിനു പുറമേ കൃഷിവകുപ്പും കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ നയവും അനുസരിച്ചാണ്. ഇത് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
വനത്തിനും വന്യമൃഗങ്ങൾക്കുമൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. വന്യമൃഗങ്ങൾക്ക് സ്വൈരമായി വിഹരിക്കാൻ കഴിഞ്ഞാൽത്തന്നെ അക്രമ സംഭവങ്ങൾ കുറയും. ഇതിന്റെ ഭാഗമായിട്ടാണ് വന്യമൃഗ സംരക്ഷണ പരിചരണകേന്ദ്രം തുടങ്ങുന്നത്.
പ്രായക്കൂടുതലോ രോഗങ്ങളോ പരിക്കുകളോ കാരണം ജനവാസ മേഖലകളിലെത്തുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിക്കുന്നതിനും ചികിൽസിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്‌തമാക്കി.
കുപ്പാടിയിലെ ഗജ ഐബിയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ടികെ രമേഷ് അധ്യക്ഷത വഹിച്ചു. പറമ്പിക്കുളം കടുവ റിസർവ് ആൻഡ് സിസിഎഫ് വൈൽഡ് ലൈഫ് കെവി ഉത്തമൻ, നോർത്ത് സർക്കിൾ ചീഫ് കൺസർവേറ്റർ ഡികെ വിനോദ് കുമാർ, ഡി ജയപ്രസാദ്, ജോസ് മാത്യു, ജെ ദേവപ്രസാദ്, എസ് നരേന്ദ്ര ബാബു എന്നിവർ സംസാരിച്ചു.
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ








































