ചെന്നൈ: ടെലിവിഷന്‍ ഷോയിലെ സ്‌കിറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കുട്ടികളെ നേരിട്ട് അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സ്വന്തം ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിലും കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍, വസ്‌ത്രധാരണം, പൊതു മേഖല സ്‌ഥാപനങ്ങളുടെ വിറ്റഴിക്കല്‍ എന്നിവയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
രാജാവും വിദൂഷകനും തമ്മിലുള്ള സംഭാഷണ രൂപത്തിലായിരുന്നു സ്‌കിറ്റ്. കഴിഞ്ഞ മാസം ആദ്യമായിരുന്നു സ്‌കിറ്റ് അവതരിപ്പിച്ചത്. സ്‌കിറ്റ് ടെലികാസ്‌റ്റ് ചെയ്‌തതിന് പിന്നാലെ തമിഴ്‌നാട് ബിജെപി ഘടകം പ്രതിഷേധവുമായി രംഗത്തെത്തി.
ചാനലിന് നേരെ ബിജെപി ആക്രമണവും ആരംഭിച്ചിരുന്നു. ചാനല്‍ മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. റിയാലിറ്റി ഷോ ഡയറക്‌ടറെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാനോ, റിയാലിറ്റി ഷോ ഡയറക്‌ടറെ പുറത്താക്കാനോ ചാനല്‍ തയ്യാറായിരുന്നില്ല.
Read Also: ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ; 3 വേദികൾ നിർദ്ദേശിച്ച് യുക്രൈൻ