ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്ന് 15,000 ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്‌ള. ഇതുവരെ ആയിരം പേർ യുക്രൈൻ അതിർത്തി കടന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഹംഗറി, റുമേനിയ അതിർത്തി കടക്കാൻ വലിയ പ്രയാസമില്ല. എന്നാൽ, പോളണ്ട് അതിർത്തിയിൽ ഒരു ലക്ഷത്തിലധികം പേരാണുള്ളത്. അവിടെയുള്ള ഇന്ത്യക്കാർ ട്രെയിനിൽ ഹംഗറി അതിർത്തിയിൽ എത്തണമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം, കിഴക്കൻ യുക്രൈനിലെ ഇന്ത്യക്കാർ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അവർ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തണം. ഇതിനായി റെഡ് ക്രോസിന്റെ സഹായം തേടിയിട്ടുണ്ട്. റഷ്യയുടെയും യുക്രൈനിലേയും സ്‌ഥാനപതിമാർക്ക് അവരുടെ വിശദാംശങ്ങൾ നൽകി. റഷ്യവഴി രക്ഷാദൗത്യം പരിഗണനയിലാണ് മോസ്‌കോയിലെ ഇന്ത്യൻ ഫസ്‌റ്റ് സെക്രട്ടറിയെ സാധ്യത പരിശോധിക്കാൻ നിയോഗിച്ചു. നിലവിൽ റഷ്യൻ അതിർത്തി സംഘർഷ മേഖലയാണ്. ഇവിടുത്തെ സുരക്ഷ നിർണായകമാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്‌തമാക്കി.
എയർ ഇന്ത്യക്ക് പുറമേ ഇൻഡിഗോയും രക്ഷാദൗത്യത്തിൽ പങ്കാളിയാകും. ഇതുവരെ നാലുവിമാനങ്ങൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. രണ്ടെണ്ണം കൂടി ഉടൻ എത്തുമെന്നാണ് വിവരം. പത്ത് വിമാനങ്ങൾ കൂടി ഇനി സർവീസ് നടത്തും. സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുമെന്ന് ഹർഷ് വർധൻ സിംഗ്‌ള അറിയിച്ചു.
Most Read: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു








































