കൽപ്പറ്റ: യുവാവിനെതിരെ വ്യാജ കേസ് രജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചെന്ന വെള്ളമുണ്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളമുണ്ട എസ്‌എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ്‌ഐ സുരേന്ദ്രൻ, ഗ്രേഡ് എഎസ്ഐ മുഹമ്മദലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
വയനാട് പീച്ചിങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവ് ഉപയോഗിച്ചെന്നായിരുന്നു വ്യാജ പരാതി. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. ഹെൽമറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്‌തതിനാണ് സാബിത്തിനെ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടുന്നത്. രേഖകൾ പരിശോധിച്ചതിന് ശേഷം വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു.
അടുത്ത ദിവസം 500 രൂപ പിഴയടച്ച് പോകാൻ പറഞ്ഞെങ്കിലും പിഴയടച്ച് വീട്ടിലെത്തിയ സാബിത്തിനെ ഫോണിൽ വിളിച്ചു പണം കോടതിയിൽ അടച്ചാൽ മതിയെന്നും സ്‌റ്റേഷനിൽ അടച്ച പണം തിരിച്ചു വാങ്ങാനും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പണം തിരികെ വാങ്ങി വീട്ടിലെത്തിയ ശേഷമാണ് യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള കേസാണ് എടുത്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. വയനാട് എഎസ്‌പി സാബിത്തിന്റെ മൊഴി എടുക്കുകയും ചെയ്‌തിരുന്നു.
പ്രാഥമികാന്വേഷണത്തിൽ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച ബോധ്യപ്പെട്ടതിനാൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കേസെടുത്തതിനും, അന്വേഷണം നടത്തിയതിനും എസ്‌ഐ സുരേന്ദ്രൻ, ഗ്രേഡ് എഎസ്ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡിഐജി രാഹുൽ ആർ നായരും, കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിൽ അശ്രദ്ധയും, കൃത്യവിലോപവും കാണിച്ചതിന് സ്‌റ്റേഷന്റെ ചുമതല ഉണ്ടായിരുന്ന ഷജു ജോസഫിനെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്താൻ എസ്എംഎസ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
Most Read: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം







































