ടിറാന: റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈൻ’ എന്ന് നാമകരണം ചെയ്‌ത് അൽബേനിയ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അൽബേനിയയുടെ തലസ്‌ഥാനമായ ടിറാനയിലെ റഷ്യൻ, യുക്രേനിയൻ എംബസികൾ സ്‌ഥിതി ചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈൻ’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് നഗരത്തിന്റെ മേയർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
റഷ്യ യുക്രൈനെ ആക്രമിച്ചതിന് പിന്നാലെ നാറ്റോ അംഗമായ അൽബേനിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും റഷ്യൻ വിമാനങ്ങളെ തങ്ങളുടെ വ്യോമാതിർത്തിയിൽ നിരോധിക്കുകയും ചെയ്‌തിരുന്നു.
‘നമ്മുടെ തലമുറ ഈ രക്‌തരൂക്ഷിതമായ റഷ്യൻ ആക്രമണത്താൽ അടയാളപ്പെടുത്തപ്പെടും. യുക്രൈന്റെ വീരോചിതമായ ചെറുത്തുനിൽപ്പ് നമ്മുടെ പൊതുഇടങ്ങളിൽ ഓർമിക്കപ്പെടണം’ ടിറാന മേയർ എറിയോൺ വെലിയാജ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അൽബേനിയയുടെ ദേശീയ നായകൻ സ്‌കന്ദർബെഗിന്റെ ഭാര്യയായിരുന്ന ഡോണിക്ക കസ്‌ട്രിയോട്ടിയുടെ പേരാണ് തെരുവിന് നൽകിയിരുന്നത്. സെർബിയയുടെയും കൊസോവോയുടെയും എംബസികളും ഈ തെരുവിൽ സ്‌ഥിതി ചെയ്യുന്നുണ്ട്.
പുതിയ പേര് റഷ്യൻ എംബസിക്കുള്ള ഒരു ഓർമപ്പെടുത്തൽ ആയിരിക്കുമെന്നും മേയർ വെലിയാജ് പറഞ്ഞു. റഷ്യക്കാർക്ക് ഫ്രീ യുക്രൈൻ സ്‌ട്രീറ്റ് എന്ന വിലാസത്തിൽ ജോലി ചെയ്യുകയും ജീവിക്കുകയും വേണം. ഇവർക്ക് കത്ത് ലഭിക്കുന്നതും ഈ വിലാസത്തിലായിരിക്കുമെന്ന് മേയർ കൂട്ടിച്ചേർത്തു.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം







































