കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും പലായനം ചെയ്ത ആളുകളുടെ എണ്ണം 15 ലക്ഷം കടന്നു. ഐക്യരാഷ്ട്ര സംഘടനയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ പലായനം ചെയ്തിരിക്കുന്നത് പോളണ്ടിലേക്കാണ്. ഇന്നലെയോടെ പോളണ്ടിൽ എത്തിയ അഭയാർഥികളുടെ എണ്ണം 10 ലക്ഷം കടന്നു.
കഴിഞ്ഞ ശനിയാഴ്ച മാത്രം 1.29 ലക്ഷം ആളുകളാണ് യുക്രൈനിൽ നിന്നും പോളണ്ടിൽ എത്തിയത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഒറ്റ ദിവസം കൊണ്ട് പോളണ്ടിൽ എത്തിയ അഭയാർഥികളുടെ ഏറ്റവും ഉയർന്ന കണക്കാണിത്. യുക്രൈനിൽ നിന്നും 500 കിലോമീറ്റർ അകലെയാണ് പോളണ്ട് അതിർത്തി. രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ്പിൽ സംഭവിക്കുന്ന ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
അതേസമയം നിലവിൽ യുക്രൈനിലെ 4 നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവ്, സുമി, ഖാർകീവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം 12.30 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. നിലവിൽ ഇവിടെ നിന്നും കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read also: മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി വെള്ളിയാഴ്ച പരിഗണിക്കും







































