ബെലാറൂസ്: റഷ്യ-യുക്രൈൻ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസില്‍ നടക്കും. രാത്രിയോടെയാണ് ചര്‍ച്ച നടക്കുക. ചർച്ചയ്‌ക്കായി റഷ്യന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. യുക്രൈൻ സംഘം ഉടനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രണ്ടാംവട്ട ചർച്ചയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയ്‌ക്കും, മാർച്ച് 4ന് നടന്ന രണ്ടാംവട്ട ചർച്ചയ്‌ക്കും ബെലാറൂസ് തന്നെയാണ് വേദിയായത്.
അതേസമയം, കൂടുതൽ സമാധാന ശ്രമങ്ങൾക്ക് സാധ്യത തേടി അടുത്ത വ്യാഴാഴ്‌ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും യുക്രൈനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിൽ കൂടിക്കാഴ്‌ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും കൂടിക്കാഴ്‌ച.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇരു രാജ്യങ്ങളുടെയും ഉന്നത നയതന്ത്രജ്‌ഞർ തമ്മിലുള്ള ആദ്യ ചർച്ചയാണ് ഇത്. അതിനാൽ തന്നെ ഏറെ പ്രാധാന്യത്തോടെയാണ് ചർച്ചയെ ലോക രാജ്യങ്ങൾ നോക്കി കാണുന്നത്. തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ളുവും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ഗവർണറെ ഒഴിവാക്കാൻ നയപ്രഖ്യാപനം തന്നെ വേണ്ടെന്ന് വച്ച് തെലങ്കാന സർക്കാർ








































