ന്യൂഡെൽഹി: യുക്രൈനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം പോളണ്ടിൽ നിന്ന് ഡെൽഹിയിൽ എത്തിച്ചേർന്നു. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ തിരികെയെത്തിച്ചത്. ഇതിൽ എയർ ഇന്ത്യ വിമാനമാണ് ആദ്യം എത്തിയത്.
സംഘത്തിൽ 200 മലയാളികളും ഉണ്ടായിരുന്നു. ബുധനാഴ്‌ച 12 ബസുകളിലായി 694 ഇന്ത്യൻ വിദ്യാർഥികളെയാണ് തീവ്രബാധിത മേഖലയായ സുമിയിൽ നിന്നും പോൾട്ടോവയിൽ എത്തിച്ചത്. തുടർന്ന് ട്രെയിൻ മാർഗം ഇവരെ ലിവീവിലേക്കും ശേഷം പോളണ്ടിലേക്കും എത്തിക്കുകയായിരുന്നു. ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ, ബംഗ്‌ളാദേശ്, പാകിസ്‌ഥാൻ, തുണീഷ്യ പൗരൻമാരെയും കേന്ദ്രസർക്കാർ പോളണ്ടിൽ എത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ യുക്രൈൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ പൂർത്തിയായി.
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20,000ത്തിൽ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ നേരത്തെ അറിയിച്ചിരുന്നു. യുദ്ധം ശക്‌തമായതോടെ യുക്രൈനിൽ നിന്ന് തിരിച്ചുവരാനായി രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണം 20,000ത്തിൽ താഴെയായിരുന്നുവെങ്കിലും 20,000ത്തിലധികം പേരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്‌റ്റർ ചെയ്‌ത ആരും തന്നെയും യുക്രൈനിൽ കുടുങ്ങി കിടക്കുന്നില്ലെന്നാണ് വിവരം. വ്യാവസായിക താൽപര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാർ ഇനിയും യുക്രൈനിൽ ഉണ്ടാകാം. അവർ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകില്ല. അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം അവസാനിക്കും. തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ








































