കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ രംഗത്ത്. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് വ്യക്‌തമാക്കി. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാനാണ് ജില്ലയിലെ എംഎൽഎമാരുടെ തീരുമാനം. കാസർഗോഡ് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്. കാസർഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗം അസി. ഫോറസ്‌റ്റ് കൺസർവേറ്ററായാണ് പുതിയ നിയമനം.
എൻസിപി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഡിഎഫ്ഒയെ നീക്കിയതെന്നാണ് ആക്ഷേപം. അച്ചടക്ക ലംഘനം ഇല്ലാതിരിക്കെ മൂന്ന് വർഷം തികയും മുമ്പുള്ള സ്‌ഥാന മാറ്റം നിയമങ്ങൾക്ക് എതിരാണെന്ന് എംഎൽഎ സിഎച്ച് കുഞ്ഞമ്പു പറഞ്ഞു. ജില്ലയിലെ മറ്റ് എംഎൽഎമാരോടൊപ്പം വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് തീരുമാനം.
ജില്ലയിൽ വനംവകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ കൂടിയാലോചന പോലും നടത്താതെയുള്ള തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. ജില്ലയിൽ നേരത്തെ തന്നെ നിലനിന്നിരുന്ന സിപിഎം-എൻസിപി ഭിന്നത ഡിഎഫ്ഒയുടെ സ്‌ഥാനമേറ്റതോടെ വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നാണ് വിമർശനം.
Most Read: സിൽവർ ലൈൻ; സർക്കാരിന് കമ്മീഷൻ അടിക്കാനുള്ള പദ്ധതിയെന്ന് പിസി വിഷ്‌ണുനാഥ്







































