കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത ആളുകളെ അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇതോടെ സ്‌റ്റേഷന് മുന്നിൽ പ്രവർത്തകർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.
പോലീസ് കസ്‌റ്റഡിയിലെടുത്ത നാല് സ്‌ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതിനിടെ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. പദ്ധതിക്കെതിരെ സമരം ചെയ്‌ത ആളുകളെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംയുക്‌ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്ത് പ്രതിഷേധം ആരംഭിച്ചത്. ചങ്ങനാശേരിയിലെ 16 കുടുംബങ്ങൾക്ക് വീട് നഷ്‌ടമാവുമെന്ന് പറഞ്ഞാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്ന കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്‌തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പോലീസുമായി സംഘർഷം ഉണ്ടായതും സമരക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതും.
Most Read: കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു







































