സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത

By Malabar Bureau, Malabar News
Congress Rajya Sabha candidate Jebi Methar
Ajwa Travels

ഡെൽഹി: മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടും തീപ്പൊരി സമരക്കാരിയുമായ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാർഥി. സ്‌ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ അംഗീകാരം നൽകി. ഇവർ രാജ്യസഭയിലേക്ക് ജയിച്ചാൽ, കേരളത്തിൽ നിന്നും പാർലമെന്റിൽ എത്തുന്ന ആദ്യത്തെ മുസ്‌ലിം വനിതയാകും.

42 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. 1980ൽ ലീലാ ദാമോദര മേനോൻ വിരമിച്ച ശേഷം ആദ്യമായാണ് സംസ്‌ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. നിലവിൽ എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമായ ജെബി മേത്തര്‍ യൂത്ത്‌ കോൺഗ്രസ്‌ മുൻ ദേശീയ സെക്രട്ടറിയാണ്‌.

അടിത്തട്ട് മുതലുള്ള രാഷ്‌ട്രീയ അനുഭവം, രാഷ്‌ട്രീയ പാരമ്പര്യം, വിവാദങ്ങളിൽ നിഴലിക്കാത്ത വ്യക്‌തി, നിയമ വിദഗ്‌ധ, വിദ്യഭ്യാസ അടിത്തറ, ഭാഷാ പരിജ്‌ഞാനം കൂടാതെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലും കൂടിയായപ്പോൾ ഗ്രൂപ്പുകളെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. കെ സുധാകരൻ നൽകിയ അവസാന പട്ടികയിൽ ജെബിയുടെ പേരുണ്ടായിരുന്നെങ്കിലും തീരെ പ്രതീക്ഷയില്ലാത്ത അവസാന പേരായിരുന്നു ഇവരുടേത്.

Congress Rajya Sabha candidate Jebi Methar

എംലിജു, ജെയ്‌സൺ ജോസഫ് എന്നിവരായിരുന്നു കെ സുധാകരൻ നൽകിയ അവസാനപട്ടികയിലെ മറ്റുരണ്ടുപേരുകൾ. മുൻ കെപിസിസി പ്രസിഡണ്ട് ടിഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭയുടെ വൈസ് ചെയർപേഴ്‌സണായി ജെബി മേത്തർ പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ ഇവർ ആലുവ നഗരസഭാ കൗൺസിലറാണ്.

ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്‌ണൻ, കെ സുധാകരന്‍ മുന്നോട്ടുവെച്ച എം ലിജു, കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിടി ബല്‍റാം, സതീശന്‍ പാച്ചേനി, ഷമ മുഹമ്മദ്, പത്‌മജ വേണുഗോപാൽ, ജെയ്‌സൺ ജോസഫ്, ജെ ജയന്ത്, വിഎസ്‌ ജോയ്, ജോൺസൻ എബ്രഹാം, സോണി സെബാസ്‌റ്റ്യൻ തുടങ്ങി ഒരു ഡസനിലേറെ പേരുകളാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക രാജ്യസഭാ സീറ്റിലേക്ക് വിവിധ ഗ്രൂപ്പുകൾ ഉയർത്തികൊണ്ടുവന്നത്.

Congress Rajya Sabha candidate Jebi Methar
കെ സുധാകരനൊപ്പം അഡ്വ.ജെബി മേത്തര്‍

അവസാന ഘട്ടത്തിൽ ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാൻഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായി. എന്നാൽ ഇവയെല്ലാം തള്ളിയാണ് പാർട്ടിയുടെ സംസ്‌ഥാന നേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോരിന് ഇടയാക്കുന്ന, വിഡി സതീശനു കൂടി താൽപര്യമുള്ള ജെബി മേത്തറിന് നറുക്ക് വീണത്.

തോറ്റവരെ മാറ്റിനിർത്തുന്നത് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കേരളത്തിൽ ചർച്ച ചെയ്‌ത്‌ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നെങ്കിലും സമവായമായിരുന്നില്ല. എൽഡിഎഫ് സ്‌ഥാനാർത്ഥികൾ നാമനിർദേശപ്രതിക നൽകിയിട്ടും കോൺഗ്രസ് സ്‌ഥാനാർഥി നിർണയം നീണ്ടുപോയതിൽ പാർട്ടിക്കുള്ളിൽ വിമർശനവും ശക്‌തമായിരുന്നു.

Congress Rajya Sabha candidate Jebi Methar

ഇന്നലെ രാത്രി ഏറെവൈകിയാണ് സോണിയാ ഗാന്ധിയുടെ അന്തിമ അംഗീകാരം ലഭിച്ചത്. 44 വയസുള്ള ജെബി മേത്തറുടെ ഭർത്താവ് ഹൃദ്രോഗ വിദഗ്‌ധൻ ഡോ. ഹിഷാം അഹമദ് അമൃത ആശുപത്രിയിൽ ജോലിചെയ്യുന്നു. മകൻ എയ്‌ഡൻ ഹിഷാം 9ആം ക്ളാസ് വിദ്യാർഥിയാണ്.

വാർത്ത പുറത്ത് വന്ന ശേഷം സാമൂഹിക മാദ്ധ്യമങ്ങളിൽ പാർട്ടി അണികളുടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ ഭൂരിപക്ഷം പാർട്ടി പ്രവർത്തകർക്കും അറിയാത്ത, കേരളീയ പൊതുസമൂഹത്തിന് അപരിചിതയായ ഒരാളെ സ്‌ഥാനാർഥിയാക്കിയത് ശരിയായില്ല എന്നാണ് അണികൾ രേഖപ്പെടുത്തുന്നത്.

സാമൂഹിക മാദ്ധ്യമങ്ങളിൽ പോലും കാര്യമായ സ്വാധീനമില്ലാത്ത ജെബി മേത്തറിനെ രാജ്യസഭയിൽ എത്തിക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ചിലർ രേഖപ്പെടുത്തുന്നത്. കോൺഗ്രസ്‌ പ്രസ്‌ഥാനം വലിയ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ദേശീയ ശബ്‌ദമാകാൻ കഴിയുന്ന വിടി ബൽറാമിനെ പോലുള്ള നേതാക്കളെ മാറ്റിനിറുത്തിയതും പ്രവർത്തകരുടെ പ്രതികരണങ്ങളിൽ പ്രകടമാണ്.

Rajya Sabha candidates _ AM Raheem and P Santhosh Kumar
എഎ റഹീം, പി സന്തോഷ് കുമാർ

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള ആകെ മൂന്നു സീറ്റുകളിൽ വിജയം ഉറപ്പായ രണ്ടെണ്ണത്തിൽ സിപിഎമ്മും സിപിഐയുമാണ് മൽസരിക്കുന്നത്. സിപിഎം സ്‌ഥാനാർഥിയായി സംസ്‌ഥാന സമിതി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടുമായ എഎ റഹീമും സിപിഐ സ്‌ഥാനാർഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി സന്തോഷ് കുമാറുമാണ് മൽസരിക്കുന്നത്. ഇരുവരും ഇന്നലെ നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപിച്ചിരുന്നു.

Most Read: ‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE