തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26ആം പതിപ്പിൽ നിറസാന്നിധ്യമായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. ‘പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചു. ലൈംഗിക അതിക്രമം നേരിട്ട് അഞ്ച് വർഷത്തിന് ശേഷമാണ് താരം ഒരു പൊതുവേദിയിൽ പങ്കെടുക്കുന്നത്. വേദിയിലേക്ക് എത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടേയാണ് ആരാധകരടക്കമുള്ളവർ സ്വീകരിച്ചത്.
കുറച്ചുവര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഭാവന. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. താൻ ഇരയല്ലെന്നും അതിജീവതയാണെന്നും ഏറെ ആത്‌മവിശ്വാസത്തോടെ ആവർത്തിച്ച താരം നീതിക്കായുള്ള പോരാട്ടം തുടരുമെന്നും മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് വനിതാ ദിനത്തിൽ നല്‍കിയ തൽസമയ അഭിമുഖത്തിൽ വ്യക്‌തമാക്കി.
ഇപ്പോൾ പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ നിർമാതാവ് റെനിഷ് അബ്‌ദുൽ ഖാദറും ഭാവനയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, എട്ടു ദിവസത്തെ ചലച്ചിത്ര മേളയില്‍ 14 തിയേറ്ററുകളിലായി 180ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്‌ട്ര മൽസര വിഭാഗം, മാസ്‌റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ആമത് ഐഎഫ്‌എഫ്‌കെയില്‍ ഉണ്ട്.
Most Read: ‘കശ്‌മീർ ഫയല്‍സ്’ കാണാൻ എത്തുന്നവര്‍ക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം; കുനാല്‍ കമ്ര