കീവ്: യുക്രൈൻ മുൻ എംപിയുടെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ തടഞ്ഞു. ഇവരുടെ ബാഗിൽ നിന്ന് 2.80 കോടി മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും കണ്ടെത്തി. മുൻ എംപി കോട് വിസ്‌കിയുടെ ഭാര്യയെയാണ് അതിർത്തിയിൽ ഹംഗറിയുടെ സുരക്ഷാ സേന തടഞ്ഞത്. സ്യൂട്ട് കേസുകളിൽ നിറച്ച പണമാണ് പിടികൂടിയത്.
യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ നിന്ന് സാക്കർപാട്യ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ബെലാറൂസ് മാദ്ധ്യമമായ നെക്‌സ്‌റ്റയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ഫെബ്രുവരി 24 മുതലാണ് യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണ് റഷ്യ. പത്ത് ലക്ഷം പേരെ യുക്രൈനിൽ നിന്ന് മാറ്റി പാർപ്പിച്ചു. 35 ലക്ഷത്തോളം പേർ അയൽ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
സാധാരണക്കാരും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും തിരിച്ചടിയിൽ 14000 റഷ്യൻ പട്ടാളക്കാരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ അവകാശവാദം. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ചർച്ച നടത്താൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡണ്ട് ശനിയാഴ്‌ച അറിയിച്ചിരുന്നു.
Most Read: സൈബർ വിദഗ്‌ധൻ സായ് ശങ്കർ 45 ലക്ഷം തട്ടി; പരാതി








































