കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലൻസ്കി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
‘ദയവായി റഷ്യയുടെ യുദ്ധായുധങ്ങൾ സ്പോൺസർ ചെയ്യരുത്. അധിനിവേശക്കാർക്ക് യൂറോ ആവശ്യമില്ല. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും റഷ്യക്ക് മുന്നിൽ അടക്കുക. അവർക്ക് നിങ്ങളുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യരുത്. ഊർജ വിഭവങ്ങൾ നിഷേധിക്കണം. യുക്രൈനിൽ നിന്ന് പിൻമാറാൻ റഷ്യയെ പ്രേരിപ്പിക്കുക’; സെലൻസ്കി പറഞ്ഞു.
എന്നാൽ, റഷ്യൻ ഊർജ ഇറക്കുമതി പൂർണമായി നിർത്തുന്നതിനെ ജർമനി എതിർത്തു. യുക്രൈൻ വിഷയം ചർച്ച ചെയ്യാനും റഷ്യക്കെതിരെയുള്ള ഉപരോധം കർശനമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സെലൻസ്കിയുടെ അഭ്യർഥന.
Most Read: സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ








































