തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്.
സിൽവർ ലൈനെതിരെ സംസ്‌ഥാനത്തുടനീളം പ്രതിഷേധ സമരങ്ങൾ ആരംഭിച്ചതോടെ കെ റെയിൽ അധികൃതർ പ്രതിസന്ധിയിലാണ്. സ്‌ഥാപിച്ച കല്ലുകൾ ജനങ്ങൾ കൂട്ടത്തോടെ പിഴുതെറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കല്ലുകൾ പിഴുത് മാറ്റുന്നതിനാൽ നിശ്‌ചിത സമയത്ത് സാമൂഹികാഘാത പഠനം പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കല്ല് പിഴുത് മാറ്റുന്നവർക്കെതിരെ കേസ് കൊടുക്കാൻ ആലോചിക്കുന്നത്.
കല്ല് പിഴുതവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്‌ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും നിയമനടപടിയെടുക്കും. ഇതുവരെ എത്ര കല്ലുകൾ പിഴുത് മാറ്റിയെന്നതിന്റെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. കല്ല് വാർത്തെടുക്കാൻ മാത്രം 1000 രൂപ വരും. കൂടാതെ ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പോലീസ് സംരക്ഷണത്തിന് വേണ്ട ചെലവ് എല്ലാം കൂടിയാകുമ്പോൾ 5000 രൂപയോളമാണ് മൊത്ത ചെലവെന്നാണ് കെ റെയിൽ അധികൃതരുടെ വാദം.
പകരം കല്ലിടണമെങ്കിൽ തന്നെ ഇത്രയും ചെലവ് വരും. കല്ലിടാനുള്ള ചെലവ് പിഴുത് മാറ്റിയവരിൽ നിന്ന് ഈടാക്കുകയും കൂടി ചെയ്‌താൽ കല്ല് പിഴുതുമാറ്റൽ സമരത്തിന് ശമനമാകുമെന്നാണ് കെ റെയിൽ അധികൃതരുടെ പ്രതീക്ഷ. സമരത്തിന്റെ രീതി മാറിയ സാഹചര്യത്തിൽ പ്രതിഷേധമുണ്ടായ ഇടങ്ങളിൽ വീണ്ടും കല്ലിടാൻ എത്തുന്നതിൽ ഉദ്യോഗസ്‌ഥർക്കും ആശങ്കയുണ്ട്.
Most Read: ബസിൽ യുവാവിന് മർദ്ദനം; തിരിച്ചു കുരുമുളക് സ്‌പ്രേ ചെയ്‌ത് വിദ്യാർഥിയും-പോലീസ് കേസ്