പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ ഗേറ്റിൽ പ്രദേശവാസികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. തദ്ദേശ വാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് പ്രദേശവാസികൾ സമരം അവസാനിപ്പിച്ചത്. ടോൾ പ്ളാസയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണമെന്നും, പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായും കരാർ കമ്പനി അറിയിച്ചതോടെയാണ് പ്രദേശവാസികൾ ഇന്ന് രാവിലെ മുതൽ സമരവുമായി രംഗത്തെത്തിയത്.
അന്തിമ തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് പന്നിയങ്കരയിൽ ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ടിപ്പർ ലോറികൾ ടോൾ പ്ളാസയിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ നൽകാനാവില്ലെന്ന നിലപാടിലാണ് ഉടമകൾ. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ളാസക്ക് സമീപം കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു.
ഇന്നലെ ജില്ലാ കളക്‌ടറുടെ സാന്നിധ്യത്തിൽ രമ്യ ഹരിദാസ് എംപി, പിപി സുമോദ് എംഎൽഎ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നിരുന്നു. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോൾ കമ്പനി അധികൃതർ അറിയിച്ചത്. എന്നാൽ, ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. മാർച്ച് ഒമ്പതിന് പന്നിയങ്കര ട്രോളിൽ ടോൾ പിരിവ് തുടങ്ങിയതോടെ നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.
Most Read: ‘പീഡനം പീഡനം തന്നെ, ഭർത്താവാണെങ്കിൽ പോലും’; കർണാടക ഹൈക്കോടതി








































