കൊല്ലം: ജില്ലയിലെ സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചു. കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നത്തെ കല്ലിടൽ നടപടികൾ നിർത്തിവെച്ചത്. തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. തഴുത്തലയിൽ പ്രതിഷേധ സ്‌ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്‌ഥരുടെ നീക്കവും നാട്ടുകാർ തടഞ്ഞു.
കെ റെയിൽ അതിരടയാള കല്ല് സ്‌ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധമായിരുന്നു ഇന്ന് രാവിലെ മുതൽ നടന്നത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. കെ റെയിൽ ഗോ ബാക്ക്, ഒരു പിടി മണ്ണും വിട്ട് തരില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടാണ് സമരക്കാർ രംഗത്തെത്തിയത്. കെ റെയിൽ കല്ല് കൊണ്ടുവന്ന വാഹനത്തിന്റെ മുകളിൽ കയറിയിരുന്നും നാട്ടുകാർ പ്രതിഷേധിച്ചു.
കല്ലിടാൻ അധികൃതർ എത്തുന്നുണ്ടെന്ന് അറിഞ്ഞ് രാവിലെ തന്നെ ആളുകൾ ഇവിടെ സംഘടിച്ചിരുന്നു. പിന്നാലെയാണ് വാഹനം എത്തിയപ്പോൾ തടഞ്ഞത്. ആത്‍മഹത്യ ഭീഷണി മുഴക്കിയും ആളുകൾ രംഗത്തെത്തി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ഡിസംബറിലും തഴുത്തലയിൽ സിൽവർ ലൈനെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. സ്‌ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസിനെ വിന്യസിച്ചിരുന്നു.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി







































