കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൂട്ടബലാൽസംഗത്തിന് ഇരയായി ഒൻപതാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗമായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന് നേരെ ആരോപണവുമായി കുടുംബം. തൃണമൂൽ നേതാവിന്റെ മകനാണ് മുഖ്യപ്രതിയെന്നും ഇയാളുടെ ജൻമദിനാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്നും കുടുംബം ആരോപിച്ചു.
സംഭവം വിവാദമായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് തൃണമൂൽ നേതാവിന്റെ മകനെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാനായി പെൺകുട്ടി തൃണമൂൽ നേതാവിന്റെ വീട്ടിൽ പോയിരുന്നു. എന്നാൽ, അവശനിലയിലാണ് പെൺകുട്ടി തിരിച്ച് വീട്ടിലെത്തിയത്.
ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചെന്നും പരാതിയിൽ പറയുന്നു. അമിതമായ രക്തസ്രാവമാണ് മരണകാരണം. തൃണമൂൽ നേതാവിന്റെ മകനും സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കാൻ ഒരു കൂട്ടം ആളുകൾ തിരക്ക് കൂട്ടിയെന്നും ഇവർ ബലം പ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയി സാംസ്കരിച്ചെന്നും അമ്മ ആരോപിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹൻസ്ഖാളി മേഖലയിലാണ് ബിജെപി ബന്ദ് ആചരിക്കുന്നത്. അതേസമയം, സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും അന്വേഷിച്ച് നടപടിയെടുക്കാൻ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്നും വനിതാ ശിശുവികസന വകുപ്പ് മന്ത്രി സാഷി പഞ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു







































