ന്യൂഡെല്‍ഹി: തലസ്ഥാന നഗരിയിലെ പ്രധാന ആഘോഷങ്ങളായ രാംലീല, ദുര്‍ഗാ പൂജ എന്നിവക്ക് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭക്ഷണ ശാലകള്‍, റാലികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ അനുവദിക്കുകയില്ല. ഒക്ടോബർ 31-വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.
ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ നിര്‍ബന്ധമായും ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും കൃത്യമായ അനുമതി മുന്‍കൂര്‍ വാങ്ങണം. ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും അനുമതി ലഭിക്കുക. ഉത്തരവില്‍ പറയുന്നു.
അടച്ചിട്ട മേഖലകളില്‍ 50 ശതമാനം പേരെ മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ, അത് ഇരുന്നൂറ് പേരില്‍ കൂടാനും പാടില്ല. തുറന്ന പ്രദേശങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് കൂടി കണക്കിലെടുത്താവും ആളുകളുടെ പ്രവേശനം ക്രമീകരിക്കുക.
മാസ്ക് ധരിക്കാതെ ആരെയും കടത്തിവിടാന്‍ പാടില്ല. അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേക വഴികള്‍ ഉറപ്പ് വരുത്തണം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിയോഗിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ ഉണ്ടാവും. ആഘോഷ പരിപാടികള്‍ എല്ലാം തന്നെ വിഡിയോയില്‍ ചിത്രീകരിച്ചു സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.
ഡെല്‍ഹിയില്‍ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍സിഡിസി (നാഷണല്‍ സെന്റർ ഫോര്‍ ഡിസീസ് കണ്ട്രോള്) രംഗത്തു വന്നിരുന്നു. കേരളത്തില്‍ ഓണാഘോഷവും മഹാരാഷ്ട്രയില്‍ ഗണേശ ചതുര്‍ത്ഥിയുമാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്ന് അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
Read Also: കോവിഡ് പോരാളിക്ക് വിട; ആരിഫ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്ട്രപതി







































