പാലക്കാട്: എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്. ആറുമുഖന്‍, ശരവണന്, രമേശ് എന്നിവരാണ് പിടിയിലായത്. മൂവരെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. സുബൈറിനെ ആക്രമിച്ച സംഘം എത്തിയ കാര്‍ അലിയാര് എന്നയാളില്‍ നിന്നും വാടകയ്ക്ക് എടുത്തയാളാണ് പിടിയിലായ പാറ സ്വദേശി രമേശ്.
പാലക്കാട് ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്ന് എഡിജിപി വിജയ് സാഖറെയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലായ വാര്‍ത്ത പുറത്ത് വരുന്നത്. സുബൈര്‍ വധക്കേസില്‍ അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായും, പ്രതികള്‍ ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരുമാണെന്നും എഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ബിജെപി നേതാവ് ശ്രീനിവാസന് വധക്കേസില്‍ ഉള്‍പ്പെട്ട ആറു പ്രതികള്‍ ഒളിവിലാണെന്നും എഡിജിപി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേരെ ദൃക്സാക്ഷികളാണ് തിരിച്ചറിഞ്ഞത്. പ്രതികൾ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും വിജയ് സാഖറെ ചൂണ്ടിക്കാട്ടി. പാലക്കാട്ടെ അക്രമ സംഭവങ്ങളില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് എഡിജിപി പ്രതികരിച്ചു.
Read Also: എൽഡിഎഫ് കൺവീനറായി ഇപി ജയരാജനെ തിരഞ്ഞെടുത്തു








































