തിരുവനന്തപുരം: ലൗ ജിഹാദ് പരാമർശത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. ഉച്ചക്ക് രണ്ടുമണിക്കാണ് യോഗം ചേരുക.
ജോർജ് എം തോമസിന്റെ ലൗ ജിഹാദ് പരാമർശം തെറ്റായി പോയെന്ന് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. എന്നാൽ, കടുത്ത നടപടി വേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയിലെ ധാരണ.
കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതര മതസ്‌ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിലാണ് നേരത്തെ ജോർജ് എം തോമസ് വിവാദ പരാമർശം നടത്തിയത്. ക്രിസ്‌ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നായിരുന്നു മുൻ എംഎൽഎയുടെ പരാമർശം. സംഭവം വിവാദമായതോടെ പരാമർശം തിരുത്തി അദ്ദേഹം രംഗത്തെത്തുകയും ചെയ്‌തിരുന്നു.
താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദില്ല. താൻ അങ്ങനെ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും ജോർജ് എം തോമസ് വ്യക്‌തമാക്കിയിരുന്നു. വിഷയത്തിൽ ജോർജ് എം തോമസിന് നാക്ക് പിഴച്ചതാകാമെന്ന് എംബി രാജേഷും ന്യായീകരിച്ചു. ലൗ ജിഹാദ് ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും വ്യക്‌തമാക്കിയിട്ടുണ്ടെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
Most Read: ജഹാംഗീർപുരി അക്രമം; ആസൂത്രിതമല്ലെന്ന് ഡെൽഹി പോലീസ്








































