കണ്ണൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയ്‌ക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം. സൈബര്‍ ആക്രമണങ്ങള്‍ അതിര് കടക്കുകയാണെന്നും മുന്നില്‍ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഎം നേതാവ് കാരായി രാജനുമെതിരെ രേഷ്‌മയുടെ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കിയിരുന്നു. എംവി ജയരാജന്‍ തനിക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയെന്നാണ് രേഷ്‌മയുടെ പരാതി.
കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്‌പദമാണെന്ന് എംവി ജയരാജന്‍ ആരോപിച്ചിരുന്നു. അതേസമയം, സമൂഹ മാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടക്കുകയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം രേഷ്‌മയുടെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അഭിഭാഷകര്‍ അറിയിച്ചിരുന്നു.
Read Also: വൈസ് ചാൻസലർ നിയമനം; ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് തമിഴ്‌നാട്








































