ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാർ-ദ വേ ഓഫ് വാട്ടർ‘ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്.
ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷൻ കാഴ്ചകൾ വൈറലായിരുന്നു. കടലിനടിയിലെ വിസ്മയ ലോകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസിക യാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ മായാലോകം തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അവതാറിന് തുടർഭാഗങ്ങൾ ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
Read Also: കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി








































