തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ കേരള ഹൈക്കോടതി നാളെ വിധി പറയും. സിബിഐ അന്വേഷണത്തിനെതിരെ കേരള സര്‍ക്കാരും യൂണിടാക്കുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം നിയമപരമല്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹരജികളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വിദേശ സഹായം കൈപ്പറ്റിയെന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എന്നാല്‍ വിദേശ സഹായം കൈപ്പറ്റിയിട്ടില്ലന്നും പദ്ധതിക്കായി സ്‌ഥലം അനുവദിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളത് എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ലൈഫ് മിഷനേയും യൂണിടാക്കിനെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള അന്വേഷണം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിനൊപ്പം തന്നെ യൂണിടാക് ഉടമയായ സന്തോഷ് ഈപ്പനും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ വിധിയാണ് നാളെ ഹൈക്കോടതി ഉത്തരവിടുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ അധോലോക ഇടപാടാണ് നടന്നതെന്നും പദ്ധതിക്കായി പണമെത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നുമാണ് സിബിഐ കോടതിയില്‍ വ്യക്‌തമാക്കിയത്. ഒപ്പം തന്നെ ടെന്‍ഡര്‍ അടിസ്‌ഥാനത്തിലാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചതെന്ന വാദവും നുണയാണെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. അതെ സമയം സര്‍ക്കാര്‍ വാദിക്കുന്നത് സിബിഐയുടെ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നാണ്. യൂണിടാക് പണം വാങ്ങിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
Read also : സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ച് ലോക കേരളാസഭയിലേക്ക്; ഉദ്യോഗസ്‌ഥൻ വിവാദത്തിൽ