പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. ഫിറോസ് ഈ കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആളാണ്. പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞെങ്കിലും തീ പിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ ഫിറോസിന്റെ മാതാപിതാക്കൾ അടക്കമുള്ളവർ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തെ സിസിടിവികൾ പരിശോധിച്ച് വരികയാണ്.
ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരൻ ഇതിൽ ഉൾപെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
Most Read: വിജയ് ബാബുവിനെ ‘അമ്മ’ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി






































