പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്ത് വധക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബാവ മാസ്‌റ്ററാണ് അറസ്‌റ്റിലായത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡണ്ടാണ് ബാവ. സഞ്‌ജിത്ത് വധത്തില്‍ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പോലീസ് നിലപാട്. കേസില്‍ ഇതുവരെ 21 പേരാണ് പിടിയിലായിട്ടുള്ളത്.
2021 നവംബർ 15നാണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത് പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സഞ്ജിത്ത് വധക്കേസില്‍ അവസാനത്തെ പ്രതിയും അറസ്‌റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്ന് കോടതി വ്യക്‌തമാക്കിയതിന് പിന്നാലെയാണ് മുഖ്യ സൂത്രധാരൻ പിടിയിലാവുന്നത്. പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാല്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
Most Read: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു