ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്കയിൽ നാല് നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 27 ആയി ഉയർന്നു. 40ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ മരണപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നാണ് പോലീസ് നൽകുന്ന സൂചന.
6 മണിക്കൂർ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. കൂടാതെ നിരവധി ആളുകളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുന്ന സമയത്ത് കെട്ടിടത്തിൽ 200ഓളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് സൂചന. അതിനാൽ തന്നെ കെട്ടിടത്തിനുള്ളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന സൂചനയിൽ പരിശോധന തുടരുകയാണ്.
മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിർമിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. അപകടത്തിന് പിന്നാലെ കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ സ്ഥാപന ഉടമയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് ഇന്ന് കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ







































