കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ ഒൻപതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്.
സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്നാണ് വിവരം. അറസ്‌റ്റിന് വിലക്കുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്‌ത് വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞത്. വിജയ് ബാബുവിനെ നാട്ടിൽ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
നേരത്തെ നാട്ടിൽ മടങ്ങി എത്തുമെന്ന് അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ച വിജയ് ബാബു പിന്നീട് യാത്ര റദ്ദാക്കിയതായാണ് വിവരം ലഭിച്ചത്. മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് വീണ്ടും നാട്ടിലേക്ക് തിരികെയെത്തുന്നത്.
Most Read: ജോ ജോസഫിനെതിരെ അശ്ളീല പ്രചാരണം; കോൺഗ്രസ് പ്രവർത്തകനടക്കം രണ്ടുപേർ അറസ്‌റ്റിൽ








































