
തൃശൂർ: കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 9 കൊലപാതകങ്ങളുമായി ജില്ലയിലെ സ്വൈരജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടാനുറച്ച് റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിൽ റെയ്‌ഡ് ആരംഭിച്ചത്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിൽ നടത്തുന്ന പൊലീസ് നടപടിയിൽ ഇതുവരെ 120 പേരോളം കുടുങ്ങിക്കഴിഞ്ഞു. ഗുണ്ടകളുടെ വീടുകളും ഒളിത്താവളങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
170 പേരടങ്ങുന്ന പൊലീസ് സംഘം ബോംബ് സ്‌ക്വാഡ്, മെറ്റൽ ഡിറ്റക്‌ഷൻ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹകരണത്തോടെയാണ് റെയ്‌ഡ് തുടരുന്നത്. തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രനെ കൂടാതെ, സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ആർ, റൂറൽ എസ്.പി: വിശ്വനാഥ്, അസി. കമ്മിഷണർമാരായ വി.കെ. രാജു (തൃശൂർ), ടി.എസ്. സിനോജ് (കുന്നംകുളം), ബിജു ഭാസ്‌കർ ടി (ഗുരുവായൂർ) എന്നിവരാണ് റെയ്‌ഡുകൾക്ക് നേതൃത്വം നൽകുന്നത്.
102 ഒളിത്താവളങ്ങളിൽ റെയ്‌ഡ് നടത്തി 420 കുറ്റവാളികളെ പരിശോധനക്ക് വിധേയരാക്കി ക്രിമിനൽ ചട്ടപ്രകാരം 78 കരുതൽ നടപടിക്ക് ശുപാർശ ചെയ്‌തു. തൃശൂരിൽ നിന്ന് മാത്രം 45ഉം പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും 74ഉം പിടികിട്ടാപുള്ളികളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തു കഴിഞ്ഞു. റെയ്‌ഡിൽ നിരവധി സ്‌ഥലങ്ങളിൽ നിന്നും വടിവാൾ, വെട്ടുകത്തി, മഴു, കത്തി, പന്നിപ്പടക്കം ഉൾപ്പടെയുള്ള മാരകായുധങ്ങളും കണ്ടെത്തി.
ഇവ കൂടാതെ, 7 കിലോ കഞ്ചാവ്, നാടൻ ബോംബുകൾ, ലൈസൻസില്ലാത്ത തോക്ക് തുടങ്ങിയവ പിടികൂടി. കുന്നംകുളം പോർക്കുളത്തെ ഒരു ഗുണ്ടയുടെ വീട്ടിൽ കൂട്ടിലിട്ടു വളർത്തിയ മരപ്പട്ടിയെ പൊലീസ് കണ്ടെത്തി. മരപ്പട്ടിയെ വനംവകുപ്പിനു കൈമാറി. അനധികൃതമായി മരപ്പട്ടിയെ കൈവശം വെച്ചതിന് നെൻമണിക്കര ശ്രീജിത്തിനെതിരെ വനംവകുപ്പും കേസെടുത്തു.
കുന്നപ്പിള്ളി ചക്കാലക്കൽ ഷാജിയുടെ വീട്ടിൽ നിന്നാണ് 8 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുന്നപ്പിള്ളി ചക്കാലക്കൽ ഷാജി എന്ന ബോംബെ തലയനെ അറസ്‌റ്റ് ചെയ്‌തു. വിഗ്രഹം തന്റെ സുഹൃത്ത് സമ്മാനിച്ചതാണെന്ന് ഷാജി മൊഴി നൽകിയെങ്കിലും മോഷ്‌ടിച്ചതാണ് എന്ന നിഗമനത്തിലാണ് പോലീസ്. വരും ദിവസങ്ങളിലും റെയ്‌ഡ് തുടരും.
Most Read: ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്






































