ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്

By Syndicated , Malabar News
Manju warrier _Bhavana_Malabar news
Ajwa Travels

തിരുവനന്തപുരം: ‘ആഭാസ യൂട്യൂബർ’ വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷമി എന്നിവർക്ക് പിന്തുണയുമായി നടി ഭാവന, മഞ്ജു വാര്യർ, രൺജി പണിക്കർ, കമൽ, സുഗതകുമാരി അടക്കമുള്ളവർ രംഗത്ത്. ഇവർക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.

ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷമി എന്നിവരുടെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതി തള്ളിയിരുന്നു. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്‌തിരിക്കുന്നത്‌ എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് പ്രതികൾ ഒളിവിൽ പോയി. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിക്കാതെ സംസ്‌ഥാന സർക്കാരിനോട് വിശദീകരണം തേടുകയായിരുന്നു. പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ഹൈക്കോടതി നിർദ്ദേശം.

കേസ് നില പരുങ്ങലിലാണ് എന്ന് മനസ്സിലാക്കിയ സഹപ്രവർത്തകരാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. കത്തിലെ പ്രസക്‌ത ഭാഗങ്ങൾ;

സ്വന്തം യൂട്യൂബ് ചാനലിലൂടെ കേരളത്തിന്റെ സാഹിത്യ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിൽ നിൽക്കുന്ന സ്‌ത്രീകൾക്കെതിരെ അശ്ളീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്‌മി ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവർ ചാനലിന്റെ ഉടമ വിജയ് പി നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ.

സ്‌ത്രീകൾക്കെതിരേ സൈബറിടത്തിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ ജാഗ്രതയും നിയമനിർമ്മാണവും ഉണ്ടാകുമെന്ന് പ്രസ്‌തുത വിഷയത്തെ പരാമർശിച്ച് അങ്ങും ഉറപ്പ് നൽകിയിരുന്നു.  പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ഭാഗ്യലക്ഷ്‌മിയുടെയും മറ്റ് 2 പേരുടെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്.

പ്രസ്‌തുത വീഡിയോക്ക് എതിരെ കേരളത്തിൽ പല ഭാഗങ്ങളിൽ നിന്നുള്ള സ്‌ത്രീകൾ അശ്ളീലം റിപ്പോർട്ട് ചെയ്‌തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് സൈബറിടത്തിൽ നിന്ന് നിരന്തരം അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്‌ത്രീകൾക്കും വേണ്ടി ഭാഗ്യലക്ഷ്‌മിയും കൂട്ടുകാരും പ്രതികരിച്ചത്.

എന്നാൽ, പൊലീസ്, IPC 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവരെ അറസ്‌റ്റ് ചെയ്യാനുള്ള സാഹചര്യമാണ് ഉണ്ടായത്. പ്രസ്‌തുത വകുപ്പുകൾ ഈ കേസിൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ നിയമ വിദഗ്‌ധർ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ,ഈ വകുപ്പുകൾ പുനഃപരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യർത്ഥനയായി അങ്ങ് പരിഗണിക്കണം.

കേസ് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്‌മിയും കൂട്ടരും അറസ്‌റ്റ് ചെയ്യപ്പെടാൻ ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്‌ത്രീകൾക്ക് വേണ്ടി സംസാരിച്ച സ്‌ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്‌ടിക്കാൻ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുകയാണ് എന്നിങ്ങനെയാണ് കത്തിലെ ഉള്ളടക്കം.

കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സ്‌ത്രീകൾക്ക് നേരെ നടത്തിയിരുന്നത്. കവിയത്രി സുഗതകുമാരി, രഹന ഫാത്തിമ, തൃപ്‌തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരെ പേരെടുത്ത് പറഞ്ഞും പേര് പറയാതെ, എന്നാൽ വ്യക്‌തിത്വം മനസിലാകുന്ന രീതിയിൽ മറ്റുപലരെയും അധിക്ഷേപിച്ചുമാണ് ഇയാൾ ആഭാസ വീഡിയോകൾ ചെയ്‌ത്‌ കൊണ്ടിരുന്നത്. ഇയാളെയാണ് ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത് ആക്രമിച്ചത്.

Related News: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടർക്കുമെതിരെ പിടിമുറുകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE