തിരുവനന്തപുരം: ഡബ്ബിംഗ് അർട്ടിസ്‌റ്റും നടിയുമായ ഭാഗ്യലക്ഷ്‍മിക്കും കൂട്ടർക്കുമെതിരെ നിയമം കടുപ്പിക്കാൻ പൊലീസിന് ഉപദേശം. രഹസ്യാന്വേഷണ വിഭാഗവും നിയമപണ്ഡിതരും ഉൾപ്പടെയുള്ളവർ പൊലീസിന് നൽകിയിരിക്കുന്ന നിയമോപദേശം കേസിൽ വിട്ടുവീഴ്‌ച പാടില്ല എന്നാണ്.
കേരളത്തിൽ വർധിച്ചു വരുന്ന ‘സദാചാര പോലീസ്’ വാദികൾക്കും ഇവരെ പിന്തുണക്കുന്ന തീവ്ര മതഗ്രൂപ്പുകൾക്കും ഇതര തീവ്ര രാഷ്‌ട്രീയ സംഘടനകൾക്കും ഊർജ്ജം നൽകുന്ന ഒരു പ്രവർത്തിയും ഉണ്ടാകാൻ പാടില്ല എന്നും അങ്ങിനെ സംഭവിച്ചാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും എന്നുമാണ് രഹസ്യാന്വേഷണ വിഭാഗവും നിയമപണ്ഡിതരും പൊലീസിന് നൽകിയിരിക്കുന്ന ഉപദേശം.
“ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത ദിവസം അതിനെ പിന്തുണച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന പോസ്‌റ്റുകളുടെ പിന്നിലും അനുകൂല പ്രചാരണ രംഗത്തുള്ളവരുടെ 70% വും സമൂഹത്തിലെ തീവ്ര മതസംഘടനകളും അവരുടെ മാദ്ധ്യമങ്ങളും ആയിരുന്നു. ബാക്കി വരുന്ന 30% ആളുകൾ ഇതിന് പിന്നിലുള്ള മറ്റു അപകടങ്ങൾ ചിന്തിക്കാതെ വൈകാരികമായി പിന്തുണച്ചവരുമാണ്.
ഈ വിഷയത്തിൽ എടുക്കാൻ പോകുന്ന നിയമ നടപടികളും, കോടതിയിൽ നിന്ന് ലഭിക്കുന്ന പിന്തുണയും ലളിതമായാൽ അത് പലരീതിയിൽ ദുർവ്യാഖ്യാനം ചെയ്യും. മാത്രവുമല്ല, നിലവിൽ കോടതികളിലുള്ള സദാചാര പോലീസിംഗ് കേസുകളിലും ഇനി വരാനിരിക്കുന്ന പലതിലും ഇതിനെ കൃത്യമായി ഉപയോഗപ്പെടുത്താൻ പലരും കാത്തിരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ, ശക്‌തമായ നിലപാട് സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസ് ലളിതമാക്കാനും പ്രതികളെ പിന്തുണക്കാനും സമ്മർദ്ദങ്ങൾ പൊലീസിന് മുകളിലുണ്ട്. പക്ഷെ, ഈ കേസിൽ ശക്‌തമായ നിലപാട് എടുത്തില്ലങ്കിൽ അതുണ്ടാക്കുന്ന അപകടം പല രീതിയിൽ ഉള്ളതാണ്. അത് ഗുരുതര സന്ദേശമാണ് സമൂഹത്തിന് നൽകുക.“ ഉന്നത ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
ഇവർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്താൻ വൈകിയത് കൊണ്ടല്ലേ ഈ രീതിയിലൊരു കടന്ന പ്രതികരണത്തിലേക്ക് ഭാഗ്യ ലക്ഷ്‌മിയും സഹകാരികളും പോയത് എന്ന ചോദ്യത്തിന് ഉദ്യോഗസ്‌ഥൻ പറഞ്ഞ മറുപടി;
“ലഭ്യമായ പരാതിയിൽ അന്വേഷണം നടത്താൻ പല കാരണങ്ങൾ കൊണ്ട് വൈകാം. വിശേഷിച്ചും നിലവിലെ കോവിഡ് സാഹചര്യത്തിൽ, ഇത്തരത്തിൽ പരാതി നൽകിയവരൊക്കെ അന്വേഷണം വൈകുന്നതിന് എതിർഭാഗത്തിന്റെ വീട്ടിൽ കയറി കൈകാര്യം ചെയ്യുന്ന അവസ്‌ഥയാണോ നീതി നിയമ സംവിധാനങ്ങൾ പ്രോൽസാഹിപ്പിക്കേണ്ടത്? 1 ലക്ഷം പേർക്ക് 100 പോലീസ് പോലും ഇല്ലാത്ത സംസ്‌ഥാനമാണ് നമ്മുടേത്. പോരായ്‌മകൾ ഉണ്ടാകും. എല്ലാ അർഥത്തിലും നിയമം കയ്യിലെടുത്ത്, കൃത്യമായ ആസൂത്രണം നടത്തി പ്രസ്‌തുത വ്യക്‌തിയുടെ വീട്ടിൽ കയറി അയാളെ അക്രമിക്കുന്നതിന് പകരം, അവർ നഗരത്തിലെ തന്നെ പോലീസ് ഹെഡ് കോർട്ടേഴ്‌സിന് മുൻപിലോ മറ്റോ ഒരു സത്യാഗ്രഹമോ പ്രതിഷേധമോ സംഘടിപ്പിച്ചിരുന്നു എങ്കിൽ അതെത്രമാത്രം അനുകരണീയവും മാതൃകാപരവും ആകുമായിരുന്നു. ഇത്തരത്തിൽ നിരവധി സാധ്യതകൾ മുന്നിലുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ നിയമം കൈയിലെടുത്ത രീതി ഒരു തരത്തിലും പ്രോൽസാഹിപ്പിക്കാൻ പാടുള്ളതല്ല എന്നതാണ് സമ്മർദ്ദങ്ങൾക്കിടയിലും പോലീസ് നിലപാട്.“ ഇദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സ്വർണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദ ബന്ധം; വെളിപ്പെടുത്തി എൻഐഎ
സമൂഹമാദ്ധ്യമങ്ങൾ വഴി സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെ അങ്ങേയറ്റം മോശമായ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി നായർക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും അതിലെ നടപടി വൈകുന്നതിലെ അസംതൃപ്‍തി ഭാഗ്യ ലക്ഷ്‌മിയും കൂട്ടരും പ്രകടമാക്കിയത് യൂട്യൂബറുടെ തമസസ്‌ഥലത്ത് ചെന്ന്, അയാളെ കൈയേറ്റം ചെയ്‌തുകൊണ്ടായിരുന്നു. ഈ സംഭവം വളരെയധികം വിവാദങ്ങൾ സൃഷ്‌ടിച്ചു.
2020 സെപ്റ്റംബർ 26-നാണ് ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിലുള്ള സംഘം, ഇയാളുടെ താമസ സ്‌ഥലത്ത് കടന്നുകയറി കയ്യേറ്റം ചെയ്‌തത്. മാത്രവുമല്ല, ഇയാളുടെ മൊബൈലും ലാപ്ടോപ്പും ഉൾപ്പടെയുള്ള സാധനങ്ങൾ കയ്യേറ്റക്കാർ കൈവശപ്പെടുത്തുകയും ചെയ്‌തിരുന്നു. യൂട്യൂബിൽ അശ്ലീല വീഡിയോകൾ പോസ്‌റ്റ് ചെയ്യുകയും ഫെമിനിസ്‌റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്‌തതിന്റെ പേരിലായിരുന്നു ഇത്. ആളെ വ്യക്‌തമായി മനസിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി, തീർത്തും അധിക്ഷേപകരമായ ചില വീഡിയോകൾ ഇയാൾ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. ഭാഗ്യ ലക്ഷ്‌മിയും കൂട്ടരും നടത്തിയ കയ്യേറ്റത്തിന് ശേഷം ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇപ്പോഴിയാൾ ജയിലിലാണ്.
വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത കേസിൽ ഭാഗ്യലക്ഷ്‌മിക്കും കൂട്ടാളികൾക്കും എതിരെപോലീസ് കേസ് ചാർജ് ചെയ്‌തിരുന്നു. ഈ കേസിൽ സെഷന്‍സ് കോടതി മുൻപാകെ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ഭാഗ്യലക്ഷ്‌മിയും കൂട്ട് പ്രതികളും ശ്രമിച്ചു. പക്ഷെ, കോടതി ശക്‌തമായ എതിർപ്പോടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇപ്പോൾ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികൾ ഒളിവിലാണ്. കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്‌മി അറക്കൽ, ദിയ സന എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Kerala News: നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു