തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
തുടർച്ചയായ അഞ്ചാം ദിവസവമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്. വലിയ രീതിയിലുള്ള പ്രവർത്തകരാണ് മാർച്ചിന് എത്തിയത്. യുവമോർച്ച സംസ്‌ഥാന അധ്യക്ഷന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റ് മാർച്ച് നടന്നത്. ജലപീരങ്കി രണ്ടുതവണ പ്രയോഗിച്ചിട്ടും പ്രവർത്തകർ പ്രതിഷേധം തുടർന്നു. പോലീസുമായുള്ള ഏറ്റുമുട്ടലും നേരിയതോതിൽ വാക്കുതർക്കങ്ങളും ഉന്തും തള്ളും ഉണ്ടായി.
പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. ഒരു യുവമോർച്ച പ്രവർത്തകന് തലക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കനത്ത മഴക്കിടയിലാണ് പ്രതിഷേധം.
അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചി മഹിളാ മോർച്ചയുടെ പ്രതിഷേധവും നടന്നു.
Most Read: നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു; എതിർത്ത് ദിലീപ് കോടതിയിൽ







































