ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസിലെ വാദം രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേസിൽ പ്രതി ചേർത്തിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഹൈക്കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരേ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നാളെ പരിഗണിക്കാനുള്ള നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് നിർണായക നീക്കവുമായി സിബിഐ എത്തിയത്.
Related News: ലാവ്‌ലിന്‍ കേസ്; ഒക്‌ടോബര്‍ 16 ലേക്ക് വാദം മാറ്റി വച്ചു
കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 8 ന് നടന്ന വാദത്തിൽ സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിപ്പിക്കണമെന്ന് ജസ്‌റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉൾപ്പടെ പ്രതികളെ കുറ്റവിമുക്‌തരാക്കിയ കേസായതിനാൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ശക്‌തമായ വാദങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. വ്യക്‌തമായ തെളിവുകൾ ഇല്ലാതെ ഹൈക്കോടതി വിധിയിൽ ഇടപെടില്ല എന്ന നിലപാട് കൂടിയാണ് ഇതിലൂടെ സുപ്രീം കോടതി വ്യക്‌തമാക്കിയത്. ഇതിനേ തുടർന്നാണ് വാദം രണ്ടാഴ്‌ചത്തേക്ക് നീട്ടി വെച്ച് കൂടുതൽ സമയം അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.
ലാവലിൻ കേസിൽ പ്രതികളായിരുന്ന പിണറായി വിജയൻ, കെ.മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ 2017 ലാണ് ഹൈക്കോടതി കുറ്റവിമുക്‌തരാക്കിയത്. ഹൈക്കോടതി വിധിയിൽ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും ലാവലിൻ കേസിലെ പ്രതിപ്പട്ടികയിൽ തുടരുന്ന കസ്‌തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെ.ജി രാജശേഖരൻ എന്നിവർ നൽകിയ ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ തുടരുന്നുണ്ട്.







































