തിരുവനന്തപുരം: പ്രമുഖ ഗാന്ധീയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി ഗോപിനാഥൻ നായർ അന്തരിച്ചു. 99 വയസായിരുന്നു. മുൻ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച ‘അഖിലേന്ത്യ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതൽ കഴിഞ്ഞ ആറ് ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ.
ഗാന്ധിജിയുടെ വേർപാടിന് ശേഷം സർവസേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും അദ്ദേഹം കർമസമിതി അംഗമായി. കെ കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡണ്ടായി പ്രവർത്തിച്ചുവെന്നതും എടുത്ത് പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളിൽ ശ്രമദാന പ്രസ്ഥാനം കേരളത്തിൽ പരീക്ഷിച്ചു.
സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയതലത്തിൽ ഹിന്ദു- സിഖ് സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹം എത്തിയിരുന്നു. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി പ്രവർത്തിച്ച വ്യക്തിയാണ്. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിൽ എത്തിയപ്പോൾ അടുത്ത് നിന്ന് കാണുകയും അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടർന്ന് പോരുകയും ചെയ്താണ് പി ഗോപിനാഥൻ ഗാന്ധിമാർഗത്തിൽ എത്തിയത്.
Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം


































