കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു.
ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ തുടർച്ചയായി നടത്തിയ തിരച്ചിൽ ഫലം കാണാത്തതിനെ തുടർന്നാണ് നാവികസേനയുടെ സഹായം തേടിയത്. എട്ടംഗ മുങ്ങൽ വിദഗ്ധരടങ്ങിയ സംഘം വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് ഇന്നലെ പൂർണമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മറ്റിടങ്ങളിൽ നിന്ന് കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇടവിട്ട് ശക്തിയായി മഴയുള്ളതിനാൽ കുത്തൊഴുക്കിൽ പാറക്കെട്ടുകൾക്കിടയിലെ തിരച്ചിൽ അതീവ ദുഷ്കരമാണ്. കൂട്ടുകാർക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാനായി കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഹുസ്നി സ്ഥലത്തെത്തിയത്. തുടർന്ന് പുഴക്കരയിലെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഹുസ്നി കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
Most Read: ‘ബ്രഹ്മാണ്ഡം’; തരംഗമായി പൊന്നിയിൻ സെൽവൻ, ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ







































