കൽപറ്റ: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.
രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളെ ബാധിക്കുന്ന മാരകവും അതിസംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്സിനോ ചികിൽസയോ ഇല്ലാത്ത വൈറസ് രോഗമായതിനാൽ മുൻകരുതൽ സ്വീകരിക്കണം. ഇതിനായി ബയോസെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകൾ അണുവിമുക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഈ രോഗം റിപ്പോർട് ചെയ്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവെപ്പും ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാർഗം.
അതേസമയം, ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ കോഴിക്കോട് ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ വീണ്ടും നിർദ്ദേശം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്നിപ്പനി റിപ്പോർട് ചെയ്ത സാഹചര്യത്തിലാണ് നടപടി. രോഗവ്യാപനം തടയാൻ ഫലപ്രദമായയ വാക്സിനോ ചികിൽസയോ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനാൽ ബയോ സെക്യൂരിറ്റി നടപടികൾ ശക്തമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Most Read: ദേശീയ ചലച്ചിത്ര പുരസ്കാരം; ബിജു മേനോനും അപർണാ ബാലമുരളിയും പരിഗണനയിൽ








































