ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി നേരെത്തെ അറിയിച്ചിരുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്. അതാണിപ്പോൾ നീട്ടിവെച്ചത്.
പുതിയ തീയതി പിന്നീട് അറിയിക്കും. സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളിലെ വാദം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ തുടരുകയാണ്. ഇത് ഭരണഘടനാ ബെഞ്ചുകൂടിയാണ്. ഈ ബെഞ്ചിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളുടെ നടപടികൾ ഇന്നത്തേക്ക് പൂർത്തിയായാൽ മാത്രമെ മറ്റ് ഹരജികൾ പരിഗണിക്കൂ എന്ന് സുപ്രീം കോടതി നേരെത്തെ അറിയിച്ചിരുന്നു.
നാല് വർഷത്തിനിടെ 30തിലധികം തവണയാണ് ലാവ്‌ലിൻ ഹരജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹരജി പല തവണ ലിസ്‌റ്റ് ചെയ്‌തിട്ടും മാറിപ്പോകുന്നത് ഹരജിക്കാരിൽ ഒരാളായ ടിപി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽ പ ടുത്തിയിരുന്നു. തുടർന്ന് സെപ്‌തംബർ 13ലെ പട്ടികയിൽ നിന്ന് ഹരജികൾ നീക്കരുതെന്ന് ചീഫ് ജസ്‌റ്റിസ് തന്നെ നിർദ്ദേശിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും വഴിമാറിയത്.
2017 ഓഗസ്‌റ്റ് 23നാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർഊർജ വകുപ്പ് ജോയിന്റ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിൽ മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീടുള്ള നാല് വർഷത്തിനിടെ 30ഓളം തവണയാണ് ഹരജി മാറ്റിവെച്ചത്.
ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ പ്രവർത്തനത്തിന് കനേഡിയൻ കമ്പനിയായ എസ്‌എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട അഴിമതിയാണ് ലാവ്‌ലിൻ കേസ്. 374 കോടി രൂപയുടെ അഴിമതി ആരോപണമാണ് ലാവ്ലിനിൽ നിലനിൽക്കുന്നത്.
ഈ ധാരണാപത്രം ആദ്യം ഒപ്പുവെക്കുന്നത് 1995 ഓഗസ്‌റ്റ് 10ആം തീയതിയാണ്. സംസ്‌ഥാനത്തെ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രിയായിരുന്ന ജി കാർത്തികേയനാണ് ഈ ധാരണാ പത്രം ആദ്യം ഒപ്പുവെക്കുന്നത്. എന്നാൽ, ഈ കരാറിൽ ചില പൊളിച്ചുപണികൾ നടത്തിയശേഷം ‘അന്തിമ കരാർ’ എന്ന രീതിയിൽ ഒപ്പിട്ടത് പിന്നീട് വന്ന ഇകെ നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
2001 ജൂണിലാണ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് 36 യുഡിഎഫ് എംഎൽഎമാർ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുകയും ചെയ്‌തു. 2003 മാർച്ചിൽ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ലാവലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീടങ്ങോട്ട് കേസുകളുടെയും ആരോപണ-പ്രത്യാരോപണ കാലമാണ് കഴിഞ്ഞുപോയ 21 കൊല്ലങ്ങൾ.
Most Read: പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം റദ്ദാക്കില്ല; ഹരജി തള്ളി സുപ്രീംകോടതി








































