മലപ്പുറം: നന്നമ്പ്ര എസ്എൻയുപി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിനിയുടെ അപകട മരണം സ്കൂൾ അധികൃതരുടെ ഗുരുതര വീഴ്ച കൊണ്ടെന്ന് അന്വേഷണ റിപ്പോർട്. സ്കൂളിലെ ബസ്സുകളിൽ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായിക്കാൻ കാലങ്ങളായി ഒരാളെപ്പോലും വെച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ്, സ്കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കണമെന്ന് കളക്ടർക്ക് ശുപാർശ ചെയ്തു. ഒമ്പത് വയസുകാരിയായ ഷെഫ്ന സ്കൂൾ ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കവേയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ഗുഡ്സ് ഓട്ടോ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തിരൂർ തെയ്യാല പാണ്ടിമുറ്റത്ത് വെച്ചായിരുന്നു അപകടം.
നന്നമ്പ്ര എസ്എൻയുപി സ്കൂളിൽ രണ്ടു ബസ്സുകൾ ഉണ്ടെന്നും ഇതിൽ ഒരിക്കൽപ്പോലും ഡ്രൈവറിന് പുറമെ മറ്റൊരു ജീവനക്കാരനെ വെച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. മാനേജ്മെന്റിനുള്ളിലെ തർക്കമാണ് ഇത്തരമൊരു കെടുകാര്യസ്ഥതയിലേക്ക് നയിച്ചത്. ബസിൽ ഒരു ജീവനക്കാരൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട് മേലുദ്യോഗസ്ഥർക്ക് കൈമാറിയെന്നും, കർശന നടപടി ഉണ്ടാകുമെന്നും മലപ്പുറം ഡിഡിഇ പ്രതികരിച്ചു. വീഴ്ച വരുത്തിയ നന്നമ്പ്ര എസ്എൻയുപി സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്ന് മോട്ടോർവാഹന വകുപ്പ് കളക്ടർക്ക് ശുപാർശ നൽകി. ഡ്രൈവർക്കെതിരെ കേസെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധനകൾ നടത്തും.
Most Read: തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും







































