തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും

വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേനാ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും

By Trainee Reporter, Malabar News
india-china
Representational Image
Ajwa Travels

ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന. സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല. ചൈനീസ് അതിക്രമ സാധ്യതകൾ മുന്നിൽക്കണ്ടാണ് ശൈത്യകാലത്തും ശക്‌തമായ നിരീക്ഷണം തുടരാൻ സൈന്യം തീരുമാനിച്ചത്.

അരുണാചൽ അതിർത്തിയിൽ ചൈന കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതേ തുടർന്ന് മുന്നേറ്റ നിരകളിൽ ശക്‌തമായ സൈനിക വിന്യാസം തുടരാനാണ് ഇന്ത്യൻ കരസേനയുടെ തീരുമാനം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക്, അരുണാചൽ, സിക്കിം എന്നിവിടങ്ങളിലും ജാഗ്രത തുടരും.

3,488 കിലോമീറ്റർ അതിർത്തി രേഖയിലെ 23 ഇടങ്ങളിൽ ചൈനീസ് അതിക്രമ സാധ്യത മുന്നിൽക്കണ്ട് പ്രത്യേക ജാഗ്രതയിലാണ്. കിഴക്കൻ ലഡാക്കിലെ ഡംചോക്ക്, ചുമർ മുതൽ യാങ്‌സെ വരെയും, അരുണാചലിലെ ഫിഷ് റെയിൽ-1, 2 എന്നീ മേഖലകളിൽ ഉൾപ്പെടെയാണ് പ്രത്യേക ജാഗ്രത.

അതിനിടെ, വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേനാ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും.

ഡിസംബർ ഒമ്പതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ 200ൽ അധികം ചൈനീസ് സൈനികർ ആയുധങ്ങളുമായി ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയത് സൈനിക വൃത്തങ്ങളാണ് വ്യക്‌തമാക്കിയത്‌. സംഘർഷത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാൽ, ആറ് ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചിരുന്നു. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ പ്രദേശങ്ങളിൽ നിന്ന് പൂർണമായി പിൻമാറാൻ വിസമ്മതിക്കുന്നതിന് ഇടെയാണ് അതിർത്തിയിൽ മറ്റൊരിടത്ത് കൂടി സംഘർഷം ഉണ്ടാക്കാൻ ചൈനയുടെ ശ്രമം.

അതേസമയം, ഇന്ത്യ-ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ പ്രതിഷേധം നടത്തിയേക്കും. കഴിഞ്ഞ രണ്ടു ദിവസമായി അടിയന്തിര പ്രമേയം നൽകിയിട്ടും വിഷയം ചർച്ചക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ഇരുസഭകളിലും നിന്നും ഇറങ്ങി പോവുകയായിരുന്നു.

ഇതിനിടെ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ ചൈനയെ പരോക്ഷമായി വിമർശിച്ചു. ഭീകരവാദികൾക്ക് എതിരെ നടപടി എടുക്കുന്നതിൽ രാജ്യാന്തര വേദികളിൽ ചിലർ തടസം നിൽക്കുകയാണെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി. കശ്‌മീരിനെ കുറിച്ചുള്ള യുഎൻ പ്രമേയം ഇന്ത്യ പാലിക്കണമെന്ന് പാകിസ്‌ഥാൻ ഐക്യരാഷ്‌ട്ര സഭയിൽ ആവശ്യപ്പെട്ടു. ഒസാമ ബിൻ ലാദനെ സംരക്ഷിച്ചവരുടെ സുവിശേഷം വേണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരിച്ചടിച്ചു.

Most Read: ഗവർണറുടെ പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹരജിയിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE