കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഉപഗ്രഹ സര്‍വേ സ്വീകാര്യമല്ല. വിഷയത്തിൽ കർഷകരെ സംരക്ഷിക്കണം. സീറോ ബഫർ പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ തമിഴ്‌നാട്, കർണാടക സർക്കാരുകളെ കേരള സർക്കാർ മാതൃക ആകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

By Trainee Reporter, Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷകരോടുള്ള കൊലച്ചതിയാണ് സർക്കാർ ചെയ്‌തത്‌. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു.

ഉപഗ്രഹ സര്‍വേ സ്വീകാര്യമല്ല. വിഷയത്തിൽ കർഷകരെ സംരക്ഷിക്കണം. സീറോ ബഫർ പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ തമിഴ്‌നാട്, കർണാടക സർക്കാരുകളെ കേരള സർക്കാർ മാതൃക ആകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടതെന്നും ഉപഗ്രഹ സര്‍വേ അവ്യക്‌തവും ആണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഉപഗ്രഹ സര്‍വേ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

സര്‍ക്കാര്‍ നിലപാടനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ പെരുവഴിയിലാകും. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടെന്ന് 2019ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍, അവ്യക്‌തമായ മറുപടിയാണ് സര്‍ക്കാര്‍ നിയമസഭക്കകത്തും പുറത്തും നല്‍കിയത്. നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടത്. ഉപഗ്രഹ സര്‍വേ അവ്യക്‌തമാണ്. -സതീശൻ അവകാശപ്പെട്ടു.

വിഷയത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സമര പ്രഖ്യാപനം നാളെ കൂരാച്ചുണ്ടിൽ നടക്കും. ഇതോടെ കോൺഗ്രസിന്റെ സമരങ്ങൾക്കും നാളെ മുതൽ തുടക്കമാകും. കൂരാച്ചുണ്ടിൽ നടക്കുന്ന കോൺഗ്രസിന്റെ സമര പ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.

എന്നാൽ, ബഫർ സോൺ ആശങ്കയിൽ കൂടുതൽ വ്യക്‌തത വരുത്താൻ ഒരുങ്ങുകയാണ് സംസ്‌ഥാന സർക്കാർ. ബഫർസോൺ വിധിക്കൊപ്പം സുപ്രിം കോടതി ആവശ്യപ്പെട്ടത് ഉപഗ്രഹ സർവേ റിപ്പോർട് മാത്രമാണെന്നാണ് സർക്കാർ വാദം. അതനുസരിച്ചാണ് ഉപഗ്രഹ സർവേ പൂർത്തിയാക്കിയത്. ഇത് പൂർണമല്ലെങ്കിലും കോടതിയിൽ പ്രതിസന്ധിയാകില്ല. കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജിക്കൊപ്പം സമർപ്പിക്കാനുള്ള റിപ്പോർട്ടിലേക്കാണ് ഉപഗ്രഹ സർവേ പുറത്തുവിട്ടുള്ള പരിശോധന നടത്തുന്നത്.

buffer zone

അതേസമയം, ബഫർ സോൺ നിർണയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുകയാണ് താമരശേരി രൂപത. നിർദ്ദിഷ്‌ട പരിസ്‌ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. രൂപതയുടെ നേതൃത്വത്തിലുള്ള കർഷക അതിജീവന സംയുക്‌ത സമിതിയാണ് ഇന്ന് യാത്രയിൽ പങ്കെടുക്കുക.

ബഫർ സോൺ വിഷയം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും, വൈകിട്ട് അഞ്ചു മണിയോടെ കൂരാച്ചുണ്ടിൽ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പടെ ഉള്ളവർ പങ്കെടുക്കും. ബഫർ സോൺ ആശങ്ക നിലനിൽക്കുന്ന വിവിധ മേഖലകളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചു വിദഗ്‌ധസമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, ബഫർ സോൺ വിഷയത്തിൽ പരിസ്‌ഥിതി ലോല മേഖലകളിലെ ആശങ്കകളെക്കുറിച്ചു പഠിക്കാനായി വിദഗ്‌ധ സമിതി യോഗം ഇന്ന് ചേരും. ഉപഗ്രഹ സർവേയിലെ പരാതികൾ അറിയിക്കാനുള്ള തീയതി നീട്ടുന്നതിൽ യോഗത്തിൽ തീരുമാനം ഉണ്ടാവും. വിദഗ്‌ധ റിപ്പോർട് സമർപ്പിക്കാനുള്ള തീയതിലും മാറ്റം ഉണ്ടായേകാം. വിഷയം സംബന്ധിച്ച് ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി നീട്ടി നൽകാൻ നേരത്തെ ധാരണയായിരുന്നു. ഡിസംബർ 23 വരെയാണ് നിലവിൽ സമയപരിധി അനുവദിച്ചിരിക്കുന്നത്.

സംരക്ഷിത വനങ്ങളുടെ കരുതൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ നിർണയിക്കാൻ നിയോഗിച്ച ജസ്‌റ്റിസ്‌ തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അധ്യക്ഷനായ കാഞ്ഞങ്ങ വിദഗ്‌ധ സമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടാനാണ് സർക്കാർ തീരുമാനം. ഡിസംബർ 30ന് ആണ് വിദഗ്‌ധ സമിതി തയ്യാറാക്കിയ റിപ്പോർട് സമർപ്പിക്കേണ്ട അവസാന തീയതി.

Most Read: ‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE