തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡെൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനം എടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അച്ചടക്ക നിയമനത്തിന് കോൺഗ്രസ് നടപടി എടുത്ത കെവി തോമസിന് എട്ടുമാസത്തിന് ശേഷമാണ് നടപടി.
കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് കണ്ണൂരിൽ സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർധിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു കൺവെൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ചു കെവി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കൽ നടപടിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.
തുടർന്ന് പാർട്ടിയിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ, തീരുമാനം നീണ്ടുപോവുകയായിരുന്നു. ഒടുവിൽ എട്ട് മാസത്തിന് ശേഷമാണ് കാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിയായും എംപിയായും ദീർഘകാലം ഡെൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ് കെവി തോമസ്. ഡെൽഹിയിൽ അധികാരത്തിന്റെ എല്ലാ ഇടനാഴികളിലും കൃത്യമായി സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന വിശ്വാസം സിപിഎമ്മിനുണ്ട്. ഡെൽഹിയിൽ കെവി തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കണക്കിലെടുത്താണ് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായുള്ള നിയമനം.
പ്രഥാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധങ്ങളും ഡെൽഹിയിലെ രാഷ്ട്രീയ ബന്ധങ്ങളും പുതിയ നിയമനത്തിൽ നിർണായകമായി. അതേസമയം, താൻ പദവി ആഗ്രഹിച്ചില്ലെന്ന് കെവി തോമസ് പ്രതികരിച്ചു. ഡെൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ നിയമന തീരുമാനത്തിന് പിന്നാലെയായിരുന്നു കെവി തോമസിന്റെ പ്രതികരണം.
”താൻ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവൻ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാൻ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ഡെൽഹിയിലെ 50 വർഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്”.
”മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയിൽ വന്നപ്പോൾ തന്നെ വിളിച്ചിരുന്നു. നിയമന കാര്യം അറിയിച്ചിരുന്നു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്പേയ് സർക്കാരിന്റെ കാലത്ത് കുമ്പളങ്ങി ടൂറിസം ഗ്രാമമാക്കാൻ അന്നത്തെ ടൂറിസം മന്ത്രിയിൽ നിന്ന് സഹായങ്ങൾ കിട്ടിയിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കളുമായും, ഡി രാജ അടക്കമുള്ളവരുമായും നല്ല ബന്ധമായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം എല്ലാവരുടെയും പിന്തുണയുടെ പാസാക്കാനായത് നേട്ടമാണ്. ആ ബന്ധങ്ങളൊക്കെ പ്രയോജനപ്പെടുത്തും. ഉത്തരവാദിത്തങ്ങൾക്ക് വലുപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read: പാലായിൽ കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം; ജോസിൻ ബിനോ സ്ഥാനാർഥിയാകും







































